National
ന്യൂഡല്ഹി: മുസ്ലിം കടയുടമയെ രക്ഷിക്കാന് ബജ്രംഗ്ദള് പ്രവര്ത്തകരെ എതിര്ത്ത മുഹമ്മദ് ദീപക്കിനെതിരായ (ദീപക് കുമാര്) നിയമനടപടികള് നിര്ത്തിവയ്ക്കാന് സുപ്രീംകോടതി നിര്ദേശം.
തനിക്കെതിരേ രജിസ്റ്റര് ചെയ്ത എഫ്ഐആര് ചോദ്യം ചെയ്തുകൊണ്ട് ദീപക് നല്കിയ ഹര്ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഈ കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില് പോസ്റ്റുകള് ഇടുന്നതില്നിന്നോ പരസ്യപ്രസ്താവനകള് നടത്തുന്നതില്നിന്നോ ദീപക്കിനെ വിലക്കിക്കൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തു.
ബജ്രംഗ്ദൾ പ്രവര്ത്തകരുടെ ആക്രമണത്തില്നിന്ന് മുസ്ലിം കടയുടമയെ രക്ഷപ്പെടുത്താന് ശ്രമിച്ചതോടെയാണു ജിം ട്രെയിനറായ ദീപക് കുമാര് ശ്രദ്ധേയനായത്. നിന്റെ പേരെന്താണെന്ന് അക്രമികള് ചോദിച്ചപ്പോള് ഹിന്ദുമത വിശ്വാസിയായ അദ്ദേഹം മുഹമ്മദ് ദീപക് എന്നു പറയുന്ന ദൃശ്യങ്ങള് സമൂഹമാധ്യങ്ങളില് വൈറലായിരുന്നു.
എന്നാല് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള് പ്രകാരം ദീപക്കിനും അദ്ദേഹത്തിന്റെ സഹായി വിജയ് റാവത്തിനുമെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു.
Kerala
കൊച്ചി: കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോടിലെ ഫ്രഷ് കട്ട് ഓര്ഗാനിക് പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി സെപ്റ്റംബര് 30 വരെ നീട്ടി.
കോഴി അറവ് മാലിന്യ സംസ്കരണ യൂണിറ്റില്നിന്നു സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയതോതില് മാലിന്യം ഒഴുകിയെത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്ക്ക് ഇടയാക്കുന്നുവെന്ന പരാതിയെത്തുടര്ന്ന് ബോര്ഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരേ സ്ഥാപനമുടമകള് നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന് സ്റ്റേ നീട്ടിയത്.
Kerala
കൊച്ചി: മഹാത്മാഗാന്ധി സര്വകലാശാലാ യൂണിയന് സംഘടിപ്പിച്ച ദേശീയ സെമിനാറിന് അനുവദിച്ച തുക തിരിച്ചടയ്ക്കാനുള്ള വൈസ് ചാന്സലറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മുന്കൂറായി നല്കിയ 2,81,250 രൂപ തിരികെ നല്കണമെന്ന ഓഗസ്റ്റ് ഒന്നിലെ ഉത്തരവ് ചോദ്യം ചെയ്തു സര്വകലാശാലാ യൂണിയനും ജനറല് സെക്രട്ടറി പി.എസ്. അമലും നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
സര്വകലാശാലയോടും വിസിയോടും രജിസ്ട്രാറോടും വിശദീകരണം തേടിയ കോടതി ഹര്ജി വീണ്ടും ഒക്ടോബർ ഒമ്പതിന് പരിഗണിക്കാന് മാറ്റി.
സെമിനാറിന്റെ പോസ്റ്ററില് പാറ്റയുടെ ചിത്രം ഉള്പ്പെടുത്തിയതിനുള്ള പ്രതികാരമായാണു വിസിയുടെ നടപടിയെന്നാരോപിച്ചാണു ഹര്ജി നല്കിയത്.
ഒരുക്കങ്ങള് പുരോഗമിക്കുന്നതിനിടെ, പോസ്റ്ററുകളുടെ പേരില് സര്വകലാശാല ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പരിപാടികളില് രാഷ്ട്രീയപ്രവര്ത്തനങ്ങള് പാടില്ലെന്നു വ്യക്തമാക്കി സര്ക്കുലര് ഇറക്കിയിരുന്നു.
പോസ്റ്ററുകളില് രാഷ്ട്രീയ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലെന്ന് യൂണിയന് ഭാരവാഹികള് വിശദീകരണം നല്കിയെങ്കിലും ഇതു തള്ളിയാണ് തുക തിരിച്ചടയ്ക്കാന് വിസി ഉത്തരവിട്ടത്.
Kerala
കൊച്ചി: കേരള ബാര് കൗണ്സില് മുന് പ്രസിഡന്റ് ടി.എസ്. അജിത്തിനെ ഉള്പ്പെടുത്തി താത്കാലിക കമ്മിറ്റിക്കു രൂപം നല്കിയ ബാര് കൗണ്സില് ഓഫ് ഇന്ത്യ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
എൻറോള്മെന്റിനും മറ്റ് ആവശ്യങ്ങള്ക്കുമായി കമ്മിറ്റിയുണ്ടാക്കിയ നടപടി ചോദ്യംചെയ്തു അഭിഭാഷകരായ പ്രസാദ് ചന്ദ്രന്, ബാര് കൗണ്സില് അംഗം യശ്വന്ത് ഷേണായ് എന്നിവര് നല്കിയ ഹർജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
സംസ്ഥാന ബാര് കൗണ്സില് അംഗങ്ങളുടെ തെരഞ്ഞെടുപ്പുഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തില് നിലവിലെ അംഗങ്ങളെ മാത്രമേ എൻറോള്മെന്റ് കമ്മിറ്റിയിലേക്കോ മറ്റു ചുമതലകളിലേക്കോ നിയോഗിക്കാനാകൂവെന്നു വിലയിരുത്തിയാണ് ഉത്തരവ്.
എൻറോള്മെന്റ് കമ്മിറ്റിയുടെ ചെയര്മാന്സ്ഥാനം ബാര് കൗണ്സില് എക്സ് ഒഫീഷ്യോ അംഗമായ അഡ്വക്കറ്റ് ജനറലിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുഫലം ജൂണ് 16ന് പ്രസിദ്ധീകരിച്ചെങ്കിലും വനിതാ അംഗങ്ങളെ ഉള്പ്പെടുത്തുന്ന വിഷയം സുപ്രീംകോടതി പരിഗണനയിലായതിനാല് കൗണ്സില് യോഗം ചേരാനായിട്ടില്ല.
Kerala
കൊച്ചി: പോലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റം ചോദ്യം ചെയ്തു കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് (കെപിഒഎ) നല്കിയ ഹര്ജിയിലും സര്ക്കാര് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
ഹര്ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് കേരള പോലീസ് അസോസിയേഷന്റെ ഹര്ജിയിലെ സ്റ്റേ ഉത്തരവ് ഇതിലും ബാധകമാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സസ്പെൻഷനെതിരേ എഡിജിപി എം.ആർ. അജിത് കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പോയിട്ടും തള്ളിയത് സർക്കാർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിച്ചതിനാലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
രക്ഷാപ്രവർത്തന കേസിൽ സർക്കാരിന്റെ ആദ്യ മന്ത്രിസഭയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് രണ്ടു മാസംകൊണ്ട് പൂർത്തിയാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ധൃതി കൂടാതെ സമചിത്തതയോടെയും ഏകാഗ്രതയോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ആദ്യത്തെ റിപ്പോർട്ടിൽ ഡിജിപി കൂടുതൽ വിശദീകരണം തേടുകയായിരുന്നു.
രണ്ടാമത്തെ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എഡിജിപിക്കു പറയാനുള്ളതും കേട്ടാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: 2026-27 അധ്യയനവർഷം മുതൽ സിബിഎസ്ഇ നടപ്പാക്കിയ ത്രിഭാഷാ നയത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കുമെന്ന് അറിയിച്ചു.
ത്രിഭാഷാ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വിഷയത്തിൽ അടുത്തയാഴ്ച വിശദമായ വാദം കേൾക്കും.
സിബിഎസ്ഇയുടെ നയപ്രകാരം ഇംഗ്ലീഷിനെ ഒരു അന്യഭാഷയായാണ് പരിഗണിച്ചിരിക്കുന്നതെന്നും പ്രാദേശിക ഭാഷകൾ പഠിപ്പിക്കുന്നതിനുള്ള അധ്യാപകരോ പാഠപുസ്തകങ്ങളോ നിലവിൽ ലഭ്യമല്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതുവരെ ഫ്രഞ്ച് പോലുള്ള വിദേശ ഭാഷകൾ പഠിച്ച ഒരു വിദ്യാർഥി പെട്ടെന്ന് പ്രാദേശിക ഭാഷകൾ പഠിക്കണമെന്നു പറയുന്നത് പ്രായോഗികമല്ലെന്നും ഹർജിക്കാർ പറഞ്ഞു.
ത്രിഭാഷാ നയത്തിനെതിരേ വലിയ പ്രതിഷേധം ഉയർന്നതോടെ ചില ഇളവുകൾ സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു.
Kerala
കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര് മുന്സിഫ് കോടതിയുടെ നടപടികള് ഹൈക്കോടതി ഒരു വര്ഷത്തേക്ക് സ്റ്റേ ചെയ്തു. ഒരു വര്ഷത്തിനുള്ളില് പുനരധിവാസം പൂര്ത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ.
ഈ കാലയളവില് കുടുംബങ്ങള്ക്ക് വീടു വച്ച് നല്കാമെന്നാണ് ധാരണ. അതേസമയം, കോടതി വിധി അനുസരിച്ച് അഭിഭാഷക കമ്മീഷന് കുടിയൊഴിപ്പിക്കാന് എത്തിയത് മലയിടംതുരുത്തിനെ സംഘര്ഷത്തിലാക്കുകയും ഒട്ടേറെ പേര്ക്ക് പരിക്കേല്ക്കാനും ഇടയാക്കിയിരുന്നു.
2023 മുതല് നിരവധി തവണ കുടിയൊഴിപ്പിക്കല് ശ്രമം നടന്നിരുന്നു. പട്ടികജാതി വിഭാഗത്തില്പ്പെട്ട കാളുകുറുമ്പന് തന്റെ 2.65 ഏക്കര് ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന് നായര് 58 വര്ഷം മുമ്പ് നല്കിയ കേസ് സുപ്രീം കോടതി വരെയെത്തുകയും ഹര്ജിക്കാരന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തിരുന്നു.
തുടര്ന്നായിരന്നു കുടിയൊഴിപ്പിക്കാനുള്ള നടപടികള് ആരംഭിച്ചത്. ഇത് സംഘര്ഷത്തിലെത്തിയതോടെ സര്ക്കാര് ഇടപെടുകയും വിഷയത്തില് ഇരുഭാഗവുമായും ചര്ച്ച നടത്തുകയുമായിരുന്നു. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില് നടന്ന ചര്ച്ചകള്ക്കൊടുവിലാണ് വിഷയത്തില് സമവായമുണ്ടത്.
Kerala
തിരുവനന്തപുരം: റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്.
ലാന്റ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം.
കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത് സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
Kerala
കൊച്ചി: അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് എംബിബിഎസ് വിദ്യാര്ഥികള്ക്ക് സംസ്ഥാനത്തെ മെഡിക്കല് കോളജുകള് തിരികെ നല്കണമെന്ന ദേശീയ മെഡിക്കല് കൗണ്സില് നിര്ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
നോട്ടീസ് നടപടി ചോദ്യം ചെയ്ത് തൃശൂര് അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല് കോളജുകള് നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നടപടികള് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്.
ഹര്ജിക്കാരായ മെഡിക്കല് കോളജുകള്ക്ക് ഫീ റെഗുലേറ്ററി സമിതി നിശ്ചയിച്ച ഫീസ് തത്കാലം ഈടാക്കാന് അനുമതി നല്കി. എതിര്കക്ഷികളോട് സത്യവാങ്മൂലം സമര്പ്പിക്കാന് നിര്ദേശിച്ച കോടതി അടിയന്തരമായി കേസ് പരിഗണിക്കണമെങ്കില് കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി.
എംബിബിഎസ് കോഴ്സില് നാലര വര്ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ദേശീയ മെഡിക്കല് കൗണ്സിലിന്റെ 2026 ഏപ്രില് ഏഴിലെ പൊതുനോട്ടീസ് ചോദ്യം ചെയ്യുന്ന ഹര്ജികളാണ് നിലവിലുള്ളത്. ഈ പൊതു നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കോളജുകള് പിരിച്ച ആറു മാസത്തെ അധിക ഫീസ് റീഫണ്ട് ചെയ്യാന് നടപടി ആവശ്യപ്പെട്ട് മെഡിക്കല് കമ്മീഷന് ജൂണ് ആറിന് സംസ്ഥാന മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്ക്കു കത്തയച്ചത്. ഇതിനെതിരേയുള്ള ഉപഹര്ജികളും നിലവിലുണ്ട്.
കേരളത്തില് ഫീസ് നിര്ണയിക്കുന്നത് ഫീ റെഗുലേറ്ററി സമിതിയാണെന്നതോ വിവിധ സംസ്ഥാനങ്ങളിലെ ഫീസ് നിര്ണയ രീതികളാണെന്നതോ പരിഗണിക്കാതെയാണു നോട്ടീസ് അടക്കമുള്ള നടപടിയെന്നാണ് ഹര്ജിക്കാരുടെ വാദം. കോഴ്സ് കാലാവധി നാലര വര്ഷമാണെങ്കിലും പൂര്ത്തിയാക്കാന് അഞ്ചു വര്ഷമെടുക്കുന്നുണ്ട്.
നാലര വര്ഷത്തെ കോഴ്സിന്റെ ഫീസ് അഞ്ച് ഗഡുക്കളായി വാങ്ങുകയാണു ചെയ്യുന്നത്. അതിനാല് കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കാന് അനുവദിക്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.
Kerala
കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള സര്ക്കാര് തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
സാംസ്കാരിക നിലയം സ്ഥാപിക്കാന് 31.8 സെന്റ് ഭൂമി കൊട്ടാരക്കര നഗരസഭയ്ക്ക് മൂന്നു വര്ഷത്തേക്കു പാട്ടത്തിന് നല്കാനുള്ള ഫെബ്രുവരി 20ലെ റവന്യു വകുപ്പിന്റെ ഉത്തരവാണ് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണന് എന്നിവര് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരേയും സിബിഐക്കെതിരേയും വിചാരണക്കോടതി നടത്തിയ പ്രതികൂല നിരീക്ഷണങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
എഎപി ദേശീയ കണ്വീനർ അരവിന്ദ് കേജരിവാൾ, എഎപി നേതാവ് മനീഷ് സിസോദിയ എന്നിവരുൾപ്പെടെ കേസിൽ പ്രതിയാക്കപ്പെട്ട 23 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു കേസന്വേഷിച്ച സിബിഐക്കെതിരേ ഡൽഹിയിലെ റൗസ് അവന്യു കോടതി രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നത്.
വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കവെയായിരുന്നു സ്റ്റേ. കേസിൽ ഈ മാസം 16നാണ് ഹൈക്കോടതി അടുത്ത വാദം കേൾക്കുന്നത്.
National
ന്യൂഡൽഹി: പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർച്ച് 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.
ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത് വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്വി എന്നിവരുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കാന്പസുകളിൽ തുല്യതാ സമിതികൾ രൂപവത്കരിക്കണമെന്നും ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ചട്ടം ഈ മാസം രണ്ടാംവാരമാണ് യുജിസി പുറത്തിറക്കിയത്. ഇതിൽ ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം.
Kerala
കൊച്ചി: തിരുവനന്തപുരം സര്ക്കാര് ലോ കോളജില് സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഹര്ജി വീണ്ടും ഫെബ്രുവരി ആറിനു പരിഗണിക്കാന് മാറ്റി.
സര്ക്കാരിന്റെയോ കോളജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്ഐ പ്രവര്ത്തകര് മണ്ഡപം നിര്മിച്ചതെന്നു ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാര്ഥിയായ എസ്. അക്ഷയ് കൃഷ്ണന് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
National
ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐആർസിടിസി) ഹോട്ടലുകൾ ലീസിന് നൽകിയതുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
കേസിന്റെ അന്വേഷണം ഈ നിലയിൽ എത്തിനിൽക്കുന്പോൾ അന്വേഷണ ഏജൻസിയുടെ പ്രതികരണം ആരായാതെ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ലാലുവിന്റെ ഹർജിയിൽ പ്രതികരണം അറിയിക്കാനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഐആർസിടിസി അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രികൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരേ കഴിഞ്ഞ വർഷം ഒക്ടോബർ 13നാണ് വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.